Tuesday, November 17, 2015

അനാഥത്വത്തിന്റെ മുറിപ്പാടുകള്‍

എന്റെ കുട്ടിക്കാലത്തെക്കുറിച്ച് മധുരിക്കുന്ന ഓര്‍മകളാണുള്ളത്. വിദ്യാഭ്യാസവും കളിക്കൂട്ടുകാരോടൊന്നിച്ചുള്ള കാലവും ആനന്ദകരമായിരുന്നു. ഉപ്പ മാനേജറായ മോളൂര്‍ മാപ്പിള എല്‍ പി സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. വീടിനടുത്തുള്ള ദര്‍സില്‍ നിന്ന് അറബി അക്ഷരങ്ങള്‍ പഠിപ്പിച്ചിരുന്നത് മരക്കാര്‍ മൊല്ലയായിരുന്നു. അദ്ദേഹത്തിന്റെ വീട് മോളൂര്‍ സ്‌കൂളിനടുത്തായിരുന്നു. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും പാഠഭാഗങ്ങള്‍ വീട്ടില്‍ നിന്ന് പഠിച്ചതിനു ശേഷം മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായാണ് ഞാന്‍ മോളൂര്‍ എല്‍.പി സ്‌കൂളിലെത്തിയത്. ഒന്നിലെയും രണ്ടിലെയും പാഠങ്ങള്‍ പഠിപ്പിക്കാന്‍ പല അധ്യാപകരും വീട്ടില്‍ വരാറുണ്ടായിരുന്നു. അന്നത്തെ അധ്യാപകരില്‍ എനിക്കേറ്റവും ഇഷ്ടമായിരുന്ന രാമന്‍കുട്ടി മാസ്റ്ററുടെ മുഖം ഇന്നും ഓര്‍മയിലുണ്ട്.


ഗതാഗത സൗകര്യങ്ങളൊന്നും വേണ്ടത്രയില്ലാത്ത ആ കാലഘട്ടത്തില്‍ എന്നെ സ്‌കൂളിലെത്തിച്ചിരുന്നത് വീട്ടില്‍ ജോലിക്കു നിന്നിരുന്ന അയ്യപ്പന്‍ എന്ന സഹോദരനായിരുന്നു. അദ്ദേഹം എന്നെ ചുമലിലേറ്റിയാണ് സ്‌കൂളിലെത്തിച്ചിരുന്നത്. ഉച്ചക്ക് ഇലച്ചോറുമായി സ്‌കൂളിലേക്ക് ആരെങ്കിലും വരും. കുറച്ചു കാലത്തിനു ശേഷം സ്‌കൂളിനടുത്തുള്ള ഒരു വീട്ടില്‍ എനിക്ക് ഉച്ചഭക്ഷണത്തിന് വേണ്ട അരിയും മറ്റ് സാധനങ്ങളും ഉപ്പ വാങ്ങിക്കൊടുത്ത് ഉച്ചഭക്ഷണം അവിടെ ഏര്‍പ്പാടാക്കി.

നാലാം ക്ലാസില്‍ ചെമ്മക്കുഴി സ്‌കൂളിലേക്ക് പഠനം മാറുകയുണ്ടായി. ഇവിടെ പഠിക്കുമ്പോള്‍ തന്നെ പള്ളിയില്‍ ഓത്തുപഠിച്ചിരുന്നു. മൂത്താപ്പയുടെയും എളാപ്പയുടെയും വീടുകള്‍ സ്‌കൂളിന് സമീപമായിരുന്നെങ്കിലും അവിടെ ഞാന്‍ താമസിച്ച് പഠിക്കുന്നത് ഉപ്പ ഇഷ്ടപ്പെട്ടിരുന്നില്ല. ഓത്തു പള്ളിക്ക് സമീപമുള്ള അകന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ അരിയും സാധനങ്ങളും വാങ്ങിക്കൊടുത്ത് ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

പയ്യാനക്കുളം മുഹമ്മദ് എന്ന ആളുടെ വീട്ടിലാണ് ഉപ്പയുടെ അവസാനകാലത്ത് എന്റെ ഭക്ഷണകാര്യങ്ങള്‍ സൗകര്യപ്പെടുത്തിയത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ അഞ്ചാം ക്ലാസിലെ എന്റെ സഹപാഠിയായിരുന്നു. ദര്‍സിലെ വിദ്യാര്‍ഥിയായി സ്‌കൂളിലെ പഠനം തുടര്‍ന്നുകൊണ്ടിരുന്നു. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഉപ്പയുടെ ദാരുണമായ മരണമുണ്ടായത്. ഉപ്പയുടെ മരണശേഷം സ്‌കൂളിലെയും ദര്‍സിലെയും പഠനം തുടര്‍ന്നെങ്കിലും ഭക്ഷണവും താമസവും മൂത്താപ്പയുടെ വീട്ടിലേക്ക് മാറ്റി.

രോഗബാധിതനായി ഉപ്പ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ മൂത്ത ജ്യേഷ്ഠനാണ് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. താരതമ്യേന മറ്റുള്ളവരെക്കാള്‍ കാര്യപ്രാപ്തി കുറഞ്ഞയാളായിരുന്നു അദ്ദേഹം. ഉപ്പയുടെ അവസാനകാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളില്‍ അനുജന്‍ അബൂബക്കര്‍ നാടുവിട്ട് ബോംബെയിലായിരുന്നു. ഉപ്പ മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുന്നത്. മാനസികരോഗമുണ്ടായിരുന്ന ഉമ്മക്ക് ഉപ്പയുടെ മരണശേഷം അസുഖം മൂര്‍ച്ഛിച്ചു. യതീമായതോടെ ആറാം ക്ലാസില്‍ ചേര്‍ന്ന് പഠനം നടത്തുന്നതിനാണ് ഞാന്‍ തിരൂരങ്ങാടിയില്‍ എത്തിച്ചേരുന്നത്.

യത്തീംഖാനയിലെ പഠനം

ഉമ്മയുടെ ചെറിയ സഹോദരന്‍ ബീരാന്‍ ബാഖവിയാണ് തിരൂരങ്ങാടിയില്‍ എന്നെ ചേര്‍ക്കുന്നത്. തിരൂരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യത്തീംഖാനയും 'നൂറുല്‍ ഇസ്‌ലാം' എന്ന സ്ഥാപനവും വഹാബികളുടെ നിയന്ത്രണത്തിലാണെന്ന് മനസ്സിലാക്കിയ അമ്മാന്‍ എന്നെ തൊട്ടടുത്തുള്ള മമ്പുറത്തെ 'നൂറുല്‍ ഹുദ' എന്ന സ്ഥാപനത്തില്‍ ചേര്‍ക്കാന്‍ ശ്രം നടത്തി. എന്നെയും കൂട്ടി അദ്ദേഹം അവിടെ ചേര്‍ക്കാന്‍ പോയപ്പോള്‍ സ്‌കൂള്‍ പഠനത്തിന് നൂറുല്‍ ഹുദാ സ്ഥാപനത്തില്‍ സൗകര്യമില്ല എന്നറിഞ്ഞു. പിന്നീട് തിരൂരങ്ങാടി നൂറുല്‍ ഇസ്‌ലാം സ്ഥാപനത്തിലേക്ക് തന്നെ തിരിച്ചുവന്ന് ആ യത്തീംഖാനയിലെ 934-ാമത്തെ വിദ്യാര്‍ഥിയായി ഞാന്‍ പ്രവേശനം നേടി. 1953 ജൂണ്‍ മാസം ഇരുപത്തിയേഴാം തിയ്യതിയാണ് (27-6-1953) പ്രസ്തുത സ്ഥാപനത്തില്‍ വിദ്യാര്‍ഥിയായി ഞാന്‍ ചേരുന്നത്. മുജാഹിദുകള്‍ സ്ഥാപിച്ച നൂറുല്‍ ഇസ്‌ലാം എന്ന സ്ഥാപനത്തിന്റെ ബദല്‍ ആയി സുന്നികള്‍ നടത്തിപ്പോന്നിരുന്നതായിരുന്നു മമ്പുറത്തെ നൂറുല്‍ ഹുദാ. തിരൂരങ്ങാടി യത്തീംഖാനയിലെ താമസവും പഠനവും ഏറെ നാള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിഞ്ഞില്ല. അവിടെ ചേര്‍ന്നതോടെ ഞാന്‍ രോഗബാധിതനായി. തിരൂരങ്ങാടിയില്‍ പോസ്റ്റ്മാനായി ജോലി നോക്കിയിരുന്ന എന്റെ കുടുംബസുഹൃത്ത് കുഞ്ഞിമൊയ്തീന്റെ സഹായത്തോടെ ഞാന്‍ നാട്ടിലേക്ക് തിരിച്ചു. പിന്നീട് യത്തീംഖാനയിലേക്ക് വിദ്യാര്‍ഥിയായി ഞാന്‍ തിരിച്ചുവന്നില്ല. നെല്ലായ സ്‌കൂളില്‍ തുടര്‍ന്ന് പഠിച്ച് ആറാം ക്ലാസില്‍ നിന്ന് ജയിച്ചു. നാട്ടിലെ ദര്‍സില്‍ പഠനം തുടരുകയും ചെയ്തു.

പിതാവിന്റെ അവസാന നാളുകള്‍

ഉപ്പയുടെ ജീവിതത്തിലെ അവസാന നാളുകളെ അലട്ടിയിരുന്നത് കടബാധ്യതകളായിരുന്നു. എന്റെ ഉപ്പക്ക് ജ്യേഷ്ഠസഹോദരങ്ങളോടൊക്കെ അമിത ബഹുമാനമായിരുന്നു. അവരുടെ ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുന്നതില്‍ വല്ലാതെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. നാട്ടുകാരോടെല്ലാം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഉപ്പ ബിസിനസ്സുകാരനായതിനാല്‍ ജ്യേഷ്ഠസഹോദരങ്ങളെയൊക്കെ സാമ്പത്തികമായി സഹായിച്ചിരുന്നു. ഉപ്പയുടെ ജ്യേഷ്ഠന്‍ (മൂത്താപ്പ) റോഡ് പണി നടത്തുന്ന കോണ്‍ട്രാക്ടറായിരുന്നു. റോഡ് പണിക്ക് ആവശ്യമായ തുക പലപ്പോഴായി ഉപ്പ തന്റെ കച്ചവടവരുമാനത്തില്‍ നിന്ന് മുതല്‍ മുടക്കിയിരുന്നു. 'സി പി ബ്രദേഴ്‌സ്' എന്ന കുടുംബ കൂട്ടായ്മയില്‍ ഉപ്പ മുന്‍കൈയെടുത്ത് മറ്റു സഹോദരങ്ങളുടെ സഹകരണത്തോടെ പല ബിസിനസുകളും നടത്തിപ്പോന്നിരുന്നു. ജ്യേഷ്ഠസഹോദരന് ഉപ്പ പിതൃതുല്യ സ്ഥാനമാണ് നല്കിയിരുന്നത്.

കുടുംബത്തിന്റെ കൂട്ടായ്മ എന്ന പേരില്‍ കച്ചവടം മുന്നോട്ടു പോയപ്പോള്‍ ചില സാമ്പത്തിക ബാധ്യതകള്‍ വന്നുപെട്ടത് ഉപ്പയുടെ തലയിലാണ്. അധികം വൈകാതെ ഉപ്പ രോഗബാധിതനാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഉപ്പക്കുണ്ടായ കടബാധ്യതകളൊക്കെ വിയോഗാനന്തരം മക്കളായ ഞങ്ങള്‍ വീട്ടുകയും ചെയ്തു. അക്കാലഘട്ടത്തിലെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളെ പരമാവധി അനുകൂലമായി ഉപയോഗപ്പെടുത്തി ഭൗതിക പഠനത്തിന് എനിക്ക് മതിയായ പ്രോത്സാഹനങ്ങള്‍ നല്കിയ പിതാവിന്റെ വേര്‍പാടും മാതാവിന് മാനസിരോഗം മൂര്‍ച്ഛിച്ചതും കുഞ്ഞായ എന്നെ വല്ലാതെ ഒറ്റപ്പെടുത്തി.

ഉപ്പയുടെ വിയോഗാനന്തരം യത്തീമായി ജീവിക്കേണ്ടി വന്നപ്പോള്‍ ഉപ്പയുടെ ജ്യേഷ്ഠന്മാരും അമ്മാവനുമൊക്കെ സംരക്ഷണവും സ്‌നേഹലാളനയും നല്കിയിട്ടുണ്ട്. എങ്കിലും പിതാവിന്റെ വേര്‍പാട് വേദനിപ്പിക്കുന്നത് തന്നെയായിരുന്നു.

പള്ളിദര്‍സിലെ പഠനം

പഴയകാലത്ത്, മതപഠനത്തിന്റെ പ്രധാന കേന്ദ്രം പള്ളിദര്‍സുകളായിരുന്നു. ഉപ്പയുടെ മരണശേഷം വീടിനടുത്തുള്ള പള്ളിയിലെ ദര്‍സില്‍ എനിക്ക് കിതാബുകള്‍ ഓതിത്തന്നത് മൊയ്തീന്‍കുട്ടി മുസ്‌ല്യാരാണ്. ഓത്തുപള്ളിയിലെ ഉസ്താദായിരുന്നു അദ്ദേഹം. ഏതാനും ചെറിയ കിതാബുകള്‍  അ ദ്ദേഹം എനിക്ക് ഓതിത്തന്നു. ചെമ്മങ്കുഴിയിലുള്ള മൂത്താപ്പയുടെ വീട്ടില്‍ താമസിച്ച് ദര്‍സില്‍ പഠനം തുടര്‍ന്ന എന്നെ അപ്പോഴും ഉപ്പയുടെ വേര്‍പാട് വേട്ടയാടിക്കൊണ്ടിരുന്നു. എന്റെ കുടുംബസാഹചര്യത്തില്‍ എന്നെ അലട്ടുന്ന സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലെങ്കിലും, യതീം എന്ന നിലയ്ക്കുള്ള മനോവ്യഥ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. തിരൂരങ്ങാടി യതീംഖാനയുടെ മാനേജര്‍ എന്ന സ്ഥാനത്തിരിക്കാന്‍ പില്ക്കാലത്ത് നിയോഗമുണ്ടായപ്പോള്‍ അനാഥനായി ജീവിക്കേണ്ടിവന്ന എന്റെ ബാല്യകാലത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചുപോയിട്ടുണ്ട്. അനാഥ സംരക്ഷണം ജീവിതത്തിലെ ഒരു കര്‍മമേഖലയായി ഏറ്റെടുക്കാനും തന്നാലാവുന്നത് ആ രംഗത്ത് പ്രവര്‍ത്തിക്കാനും പ്രചോദനമായിത്തീര്‍ന്നതും സ്വന്തം ജീവിതത്തിലെ അനാഥത്വത്തിന്റെ നൊമ്പരം പേറുന്ന അനുഭവങ്ങളാണ്.

ചെമ്മങ്കുഴി പള്ളിയിലെ ദര്‍സില്‍ വിദ്യാര്‍ഥിയായ എന്നെ പഠിപ്പിച്ചിരുന്ന മണ്ണാര്‍ക്കാടിനടുത്ത കുമരംപുത്തൂര്‍ സ്വദേശിയായ മുഹമ്മദ് മുസ്‌ല്യാരെ ഞാന്‍ ഓര്‍ക്കുന്നു. വെല്ലൂര്‍ ബാഖിയാതു സ്വാലിഹാതില്‍ നിന്ന് എം എഫ് ബി (മൗലവി ഫാസില്‍ ബാഖവി) ബിരുദം നേടി പുറത്തിറങ്ങിയ അദ്ദേഹം ഫിഖ്ഹിലും ഭാഷാ വ്യാകരണത്തിലും അവഗാഹമുള്ള പണ്ഡിതനായിരുന്നു. ദൂരദിക്കുകളിലൊക്കെ ആഴ്ചകള്‍ നീണ്ടുനില്ക്കുന്ന വഅദ് സദസ്സുകളില്‍ മുഹമ്മദ് മുസ്‌ല്യാര്‍ വാഇദ് (ഉപദേശകന്‍) ആയി പങ്കെടുത്തിരുന്നു. വല്ലപ്പുഴക്കാരായ ഖാലിദ് മുസ്‌ല്യാര്‍, അബ്ദുല്ലപ്പൂ മുസ്‌ല്യാര്‍ എന്നിവര്‍ ചെമ്മങ്കുഴി പള്ളിദര്‍സിലെ ഉസ്താദായിരുന്ന മുഹമ്മദ് മുസ്‌ല്യാരുടെ കൂടെ വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയവരാണ്. സമകാലികരായ ഈ മൂന്നുപേരും അക്കാലഘട്ടത്തിലെ വലിയ മതപണ്ഡിതന്മാരായിരുന്നു. പൊന്നാനി പള്ളിയില്‍ നടന്നിരുന്ന പള്ളിദര്‍സ് ഏറെ പ്രസിദ്ധമാണ്. അവിടെ പഠിപ്പിച്ചിരുന്നത് ഖാലിദ് മുസ്‌ല്യാരാണ്. അദ്ദേഹം നിയമിക്കപ്പെടുന്നതിന് മുമ്പ് ശമ്പളം നിശ്ചയിച്ച് ദര്‍സ് നടത്തിപ്പോരുന്ന സമ്പ്രദായം പൊന്നാനിയിലുണ്ടായിരുന്നില്ല. കര്‍മശാസ്ത്ര പണ്ഡിതനായ ഖാലിദ് മുസ്‌ല്യാര്‍ ഒരു പ്രാസംഗികനായിരുന്നില്ല.

ഒരു സംഘടനയിലും പക്ഷംചേരാതെ സ്വതന്ത്ര ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്ന അദ്ദേഹം മതവിഷയങ്ങളില്‍ ആഴത്തിലുള്ള അറിവിന്റെ ഉടമയായിരുന്നു. അബ്ദുല്ലപ്പു മുസ്‌ല്യാര്‍ സമസ്തയുടെ പ്രവര്‍ത്തകനും പ്രാസംഗികനുമായിരുന്നു. അദ്ദേഹം വല്ലപ്പുഴ കുരുവട്ടൂര്‍ പള്ളിയിലെ മുദര്‍രിസായിരുന്നു. ചെമ്മങ്കുഴി മുദര്‍രിസായിരുന്ന മുഹമ്മദ് മുസ്‌ല്യാര്‍ പിന്നീട് മുജാഹിദ് അനുഭാവിയായി മാറി. കുറച്ചുകാലം പിന്നീട് അറബിക് കോളെജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയുണ്ടായി. (സുല്ലമിലെ എന്റെ പഠനകാലയളവില്‍ വല്ലപ്പുഴയിലെ ഒരു മുജാഹിദ് പ്രഭാഷണ പരിപാടിക്ക് മുഹമ്മദ് മുസ്‌ല്യാരെ ഞാന്‍ ക്ഷണിച്ചിരുന്നു. അതിലദ്ദേഹം പങ്കെടുത്ത് പ്രഭാഷണം നടത്തിയത് ഓര്‍മയുണ്ട്). എന്റെ ഉപ്പയുടെ സഹോദരി(അമ്മായി)യുടെ മകന്‍ ആയിരുന്നു ഖാലിദ് മുസ്‌ല്യാര്‍. അദ്ദേഹമാണ് നീണ്ട പതിനൊന്ന് വര്‍ഷം പൊന്നാനി പള്ളിയിലെ മുദര്‍രിസായി ജോലിചെയ്തത്. മറ്റു ദര്‍സുകളിലൊക്കെ പഠിച്ചവരും പഠനം പൂര്‍ത്തിയായാല്‍ പൊന്നാനി പള്ളിയിലെ ദര്‍സില്‍ ഒരു തബര്‍റുകിനുവേണ്ടി പഠിക്കാന്‍ ചെന്നിരുന്നു. പൊന്നാനി പള്ളിയിലെ ദര്‍സില്‍ പഠിച്ചവന് ഇതര പള്ളിയിലെ ദര്‍സില്‍ പഠിപ്പിക്കാനുള്ള യോഗ്യതയായി എന്ന് കരുതിപ്പോന്നിരുന്നു.

പൊന്നാനിപള്ളി മഖ്ദും കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ക്രമേണ തദ്ദേശീയരും മഖ്ദും കുടുംബവും രണ്ട് കക്ഷിയായിത്തീര്‍ന്നു. നാട്ടുകാരുടെ പക്ഷത്തുനിന്ന് മുദര്‍രിസായി നിയമിക്കപ്പെട്ടത് ഖാലിദ് മുസ്‌ല്യാരാണ്. മഖ്ദും കുടുംബത്തില്‍പെട്ടവര്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ല്യാരെ പൊന്നാനി മുദര്‍രിസായി കൊണ്ടുവന്നു. എന്നാല്‍ കണ്ണിയത്ത് ആറുമാസം മാത്രമേ മുദര്‍രിസായി സേവനമനുഷ്ഠിച്ചുള്ളൂ. പൊന്നാനിയില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് ഖാലിദ് മുസ്‌ല്യാരുടെ വിവാഹം നടക്കുന്നത്. അമ്മാവന്‍ കൂടിയായ എന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഞങ്ങളുടെ വീട്ടില്‍വെച്ചാണ് ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്. വിവാഹത്തോടനുബന്ധിച്ച് അക്കാലത്ത് മംഗളപത്രം സമര്‍പ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. വധൂവരന്മാരുടെ ഗുണഗണങ്ങളും അവര്‍ക്കുള്ള ഉപദേശങ്ങളും പ്രാര്‍ഥനകളും ആശംസകളും ശുദ്ധ മലയാളത്തില്‍ ലളിതമായി എഴുതി ഒരു പത്രികയാക്കി വിവാഹദിവസം എല്ലാവര്‍ക്കും വായിക്കാനായി വിതരണം ചെയ്യും. മംഗള പത്രത്തിലെ വാചകങ്ങള്‍ ഫ്രെയിം ചെയ്ത് വീട്ടില്‍ സൂക്ഷിക്കുകയും ചെയ്യും. ഖാലിദ് മുസ്‌ല്യാരുടെ വിവാഹദിവസം പൊന്നാനിയില്‍ അദ്ദേഹത്തിന്റെ ശിഷ്യരായ നിരവധി ആളുകള്‍ ഞങ്ങളുടെ വീട്ടില്‍ വന്ന് മംഗളപത്രം സമര്‍പ്പിച്ചത് ഞാനോര്‍ക്കുന്നു. രാത്രിയില്‍ നടന്നിരുന്ന വിവാഹചടങ്ങുകളില്‍ വരന്‍വധുവിന്റെ വീട്ടിലേക്ക് പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ വലിയൊരാള്‍ക്കൂട്ടത്തോടെ പാട്ടുപാടിയായിരുന്നു പോയിരുന്നത്. വധുവിന്റെ വീട്ടുകാര്‍ വരനെയും കൂട്ടരെയും സ്വീകരിച്ചത്, ബുര്‍ദ ബെയ്ത് ചൊല്ലിക്കൊണ്ടായിരുന്നു. ബുര്‍ദ ബെയ്ത് ചൊല്ലി സ്വീകരിച്ചാല്‍ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്കനുവാദമുണ്ടായിരുന്നുള്ളൂ. പിന്നീട് വധൂവരന്മാരുടെ ഇരുസംഘവും ദീര്‍ഘസമയം മത്സരിച്ച് ബുര്‍ദ പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും. പ്രവാചകന്റെ പ്രകീര്‍ത്തന കാവ്യങ്ങളായ ബുര്‍ദ ബെയ്തുകള്‍ വിവാഹംപോലുള്ള ചടങ്ങുകളില്‍ പോരിശയോടെ ചൊല്ലിപ്പോന്നിരുന്നു. പ്രഗത്ഭ പണ്ഡിതരും മുദര്‍രിസുമാരുമായ ചെമ്മങ്കുഴി മുഹമ്മദ് മുസ്‌ല്യാര്‍, ഖാലിദ് മുസ്‌ല്യാര്‍, അബ്ദുല്ലാപ്പു മുസ്‌ല്യാര്‍ എന്നിവരാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.

വഅദുകള്‍ വിജ്ഞാനസദസ്സുകള്‍

മുസ്‌ലിം ജനസാമാന്യത്തിന് മതപരമായ അറിവും ബോധവുമുണ്ടാക്കിയെടുക്കുന്നതില്‍ പഴയകാലഘട്ടത്തില്‍ വഅദ് പരമ്പരകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്ന മുതിര്‍ന്ന ഉസ്താദുമാരാണ് വഅദ് സദസ്സുകളില്‍ പ്രഭാഷണം നടത്തിയിരുന്നത്. ദര്‍സിലെ വിദ്യാര്‍ഥികള്‍ ശ്രോതാക്കളായി പങ്കെടുക്കും. ഇശാ നമസ്‌കാരശേഷം തുടങ്ങി പാതിരാത്രിവരെ നീണ്ടുനില്ക്കുന്ന വഅദുകള്‍ കേള്‍ക്കാന്‍ സ്ത്രീകളടക്കമുള്ളവര്‍ പായയും മറ്റ് ഇരിപ്പിടങ്ങളുമായി വന്ന് ആവേശത്തോടെ സദസ്സിലിരിക്കും. ഏഴ് മുതല്‍ പതിനാല് ദിവസം വരെ നീണ്ടുനില്ക്കുന്ന വഅദ് പരമ്പരകളില്‍ ഈമാന്‍, ഇസ്‌ലാം, സകാത്ത്, ആഖിറത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഉസ്താദ് ശ്രവണസുന്ദരമായ ശൈലിയില്‍ ബെയ്തുകള്‍ ചൊല്ലി പ്രഭാഷണംനടത്തും.

വഅദ് പരമ്പര അവസാനിക്കുന്ന ദിവസത്തില്‍ ഉസ്താദിനെ പ്രത്യേക അതിഥിയായി ആദരിച്ച് ജനങ്ങള്‍ ഘോഷയാത്രയായി സ്റ്റേജിലേക്ക് ആനയിക്കും. സ്‌റ്റേജിലെ ഇരുവശങ്ങളിലിരുന്ന് പള്ളിദര്‍സിലെ വിദ്യാര്‍ഥികള്‍ അറബി ബെയ്തുകള്‍ ചൊല്ലും. ഓരോ ദിവസത്തെയും വഅദ് സദസ്സ് ആരംഭിക്കുന്നത് ബുര്‍ദ ബെയ്ത് ചൊല്ലിയായിരുന്നു. ബുര്‍ദ ബെയ്തിന്റെ ഈരടികള്‍ ചൊല്ലാന്‍ ഒരുകൂട്ടരും അതിന്റെ ജവാബിനായി മറ്റൊരു കൂട്ടരും സ്റ്റേജിന്റെ ഇരുവശങ്ങളിലായി ഇരിക്കും. മൗലായ സ്വല്ലി വസല്ലിം ദാഇമന്‍ അബദാ എന്ന വരിയാണ് ജവാബായി ചൊല്ലിയിരുന്നത്. ഉസ്താദ് വേദിയില്‍ വന്നിരുന്നാല്‍ ബെയ്തും ജവാബുമൊക്കെ നിര്‍ത്തുകയും ചെയ്യും. തുടര്‍ന്ന് ബെയ്ത് ചൊല്ലിയവര്‍ ഉസ്താദിനെ ക്ഷണിക്കാനുള്ള അറബി വാക്യങ്ങള്‍ ആമുഖമായി പറയും. ജദ്ദിദൂ ഈമാനന്‍ വമഅ്‌രിഫ എന്നുചൊല്ലി ഉസ്താദിനെ ക്ഷണിച്ചാല്‍ അദ്ദേഹം എഴുന്നേറ്റ് പ്രസംഗം തുടങ്ങും.

രണ്ടോ മൂന്നോ മണിക്കൂര്‍ നീണ്ടുനില്ക്കുന്ന പ്രസംഗത്തിനിടയില്‍ ഉസ്താദ് ഇരുന്ന് വിശ്രമി ക്കും. ആ സമയത്ത് സദസ്യരില്‍ നിന്ന് ചിലര്‍ വന്ന് അറബിപദ്യം ചൊല്ലും. അറബിയില്‍ പദ്യം ചൊല്ലിയതിനുശേഷം സലവാതി അല ന്നബീ വസല്ലിം എന്ന ജവാ ബും അതിനെത്തുടര്‍ന്നുണ്ടാവും. ജനങ്ങള്‍ക്ക് ദീന്‍ പഠിപ്പിക്കാനും പള്ളി, മദ്‌റസ പോലുള്ള ദീനീ സ്ഥാപനങ്ങളുടെ പണപ്പിരിവു നടത്താനും ലക്ഷ്യംവെച്ചായിരുന്നു വഅദ് പരമ്പരകള്‍ സംഘടിപ്പിക്കപ്പെട്ടത്. വഴിവാണിഭക്കാരും ചെറുകിട കച്ചവടക്കാരുമൊക്കെ പാതിരാ വഅദു നടക്കുന്ന അങ്കണത്തിന്റെ ഇരുവശങ്ങളിലും കച്ചവടസാധനങ്ങളുമായി നിലയുറപ്പിക്കും. വഅദ് പരമ്പരയുടെ അവസാന നാള്‍ ഉസ്താദ് തൗബാ സദസ്സിന് നേതൃത്വം നല്കും. തൗബാ സദസ്സ് നടക്കുന്ന ദിവസം സദസ്യരില്‍നിന്ന് നല്ല ഒരു തുക സമാഹരിച്ച് ഉസ്താദിന് ഉപഹാരമായി നല്‍കും. തൗബക്കാശ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഉസ്താദിന് തൗബക്കാശ് കൊടുക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്യര്‍ മത്സരിക്കുമായിരുന്നു.

'തമ്പുരാനേ, ചെറുതും വലുതുമായ ദോഷങ്ങളും തെറ്റുകുറ്റങ്ങളും ഞങ്ങളോട് മാപ്പാക്കണേ, നിന്റെ റഹ്മത്തുകൊണ്ട് എല്ലാം പൊറുത്തുതന്ന് ഞങ്ങളെ കത്തിയാളുന്ന നരകത്തില്‍നിന്ന് കാക്കേണമേ' എന്ന് ഉസ്താദ് ആവര്‍ത്തിച്ച് ഹൃദയസ്പര്‍ശിയായ ശൈലിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഉസ്താദും സദസ്യരും പ്രാര്‍ഥന ആവര്‍ത്തിക്കുകയും കൂട്ടത്തോടെ ആമീന്‍ ചൊല്ലുകയും ചെയ്യും. വഅദ് സദസ്സുകളില്‍ നിന്ന് കിട്ടിയിരുന്ന തഖ്‌വയുടെ ഊര്‍ജസ്രോതസ്സ്, ഉസ്താദിന്റെ ഈണത്തിലുള്ള പ്രഭാഷണ ചാതുരിയോടൊപ്പം മനസ്സില്‍ തട്ടുന്ന ശൈലിയിലുള്ള തൗബാ ദുആയുമായിരുന്നു. വളരെ അപൂര്‍വമായിട്ടായിരുന്നു അന്നത്തെ വഅദു സദസ്സുകളില്‍ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നത്. സാധാരണ വഅദു സദസ്സുകളിലൊന്നും തന്നെ ഉച്ചഭാഷിണി ഉപയോഗിച്ചിരുന്നില്ല. സദസ്യരുടെയും ശ്രോതാക്കളുടെയും സൗകര്യം പരിഗണിച്ച് ഉച്ചഭാഷിണി ഏര്‍പ്പെടുത്തുന്നു എന്ന് വഅദ് നോട്ടീസില്‍ പ്രത്യേകം അറിയിപ്പ് നല്‍കിയിരുന്നു. അക്കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ-കര്‍മ രംഗങ്ങളില്‍ കൃത്യനിഷ്ഠയും ചിട്ടയും ഉണ്ടാക്കിയെടുക്കുന്നതില്‍ ഇത്തരത്തിലുള്ള വഅദ് സദസ്സുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവതല്ല.

No comments:

Post a Comment